കോഴിത്തലയിലെ അഥര്‍വ്വം: ഒരു ഫ്ളാഷ് ബായ്ക്ക്എന്ന ലേഖനത്തിന്റെ തുടര്‍ച്ച -
1967ലെ ഇഎംഎസ് മന്ത്രിസഭയെ അട്ടിമറിക്കുമ്പോള്‍ കുത്തിത്തിരിപ്പുകളുടെയും കുതികാല്‍വെട്ടിന്റെയും ചരിത്രത്തില്‍ സ്വന്തം ഉല്‍പ്പത്തിമുദ്ര ആഴത്തില്‍ പതിപ്പിക്കുകയായിരുന്നു സിപിഐ. ആ അട്ടിമറിയിലൂടെ ഭൂജാതമായതോ, ജനാധിപത്യകേരളത്തിന്റെ ഭരണചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ ഏടുകളും. ഭരണത്തിന്റെ കരുത്തുപയോഗിച്ച് സിപിഎമ്മിനെ വേട്ടയാടി നശിപ്പിക്കാന്‍ 1969 മുതല്‍ ഒരു ദശാബ്ദത്തോളംസിപിഐ കിണഞ്ഞു ശ്രമിച്ചു. പക്ഷേ, ദയനീയമായി പരാജയപ്പെട്ടു. അടിച്ചൊതുക്കാന്‍ ശ്രമിച്ചതിന്റെ പതിന്മടങ്ങു ശക്തിയില്‍ സിപിഎംശക്തിപ്രാപിച്ചു. അചിരേണ, സിപിഎം നേതൃത്വം നല്കുന്ന മുന്നണിയില്‍ സിപിഐയ്ക്ക് അംഗമാകേണ്ടി വന്നു.
പക്ഷേ, സിപിഐയല്ലേ, ചത്തു കിടന്നാലും ചമഞ്ഞേ കിടക്കൂ. മുന്നണി മാറിയിട്ടും അഹങ്കാരോന്മാദത്തിനു കുറവൊന്നുമുണ്ടായില്ല. ദേശീയ ബൂര്‍ഷ്വാസിയുമായി അധികാരം പങ്കിട്ട് ഇന്ത്യയില്‍ സോഷ്യലിസം കെട്ടിയിറക്കുമെന്ന നയം തിരുത്തി വീണ്ടും സിപിഎമ്മിന്റെ ജൂനിയര്‍ പാര്‍ട്ട്നറായി മാറേണ്ടി വന്നതിന്റെ ജാള്യമകറ്റാന് അവര്‍ മറ്റൊരു വ്യാഖ്യാനം കണ്ടെത്തി. അങ്ങനെയാണ് 1969ല്‍ അധികാരം നഷ്ടപ്പെട്ട സിപിഎമ്മിനെ പതിനൊന്നു വര്‍ഷത്തിനുശേഷം ഭരണക്കസേരയിലിരുത്തിയത് സിപിഐ ആണെന്ന വീമ്പടി തുടങ്ങിയത്. സിപിഐയുടെ സന്മനസും സൌജന്യവുമില്ലായിരുന്നെങ്കില് സിപിഎമ്മിന് കേരളഭരണം എന്നെന്നേയ്ക്കും കിട്ടാക്കനിയാകുമായിരുന്നത്രേ. ചരിത്രബോധം കമ്മിയായ എഐഎസ്എഫ് സൈബര്‍ ശിശുക്കള്‍ക്കിടയില്‍ ഈ പച്ചക്കള്ളവും സൂപ്പര്‍ഹിറ്റായിത്തന്നെ ഓടുന്നുണ്ട്.
1980ല്‍ നടന്നതെന്ത്?
1980ല്‍ ഇ. കെ. നായനാര്‍ സര്‍ക്കാര്‍ അധികാരമേറുമ്പോള്‍ ഇടതുമുന്നണിയുടെ കക്ഷിബലം ഇതായിരുന്നു.
പാര്‍ട്ടി | സീറ്റ് |
ആകെ | 93 |
സിപിഎം | 35 |
ആന്റണി കോണ്‍ഗ്രസ് | 21 |
മാണി കേരള | 8 |
സിപിഐ | 17 |
ആര്‍എസ്പി | 6 |
പിള്ള കോണ്‍ഗ്രസ് | 1 |
അഖിലേന്ത്യാ ലീഗ് | 5 |
വലതുമുന്നണിയുടെ ജനപിന്തുണയുടെ നടുക്കഷണവും കൊണ്ടാണ് അന്ന് ആന്റണി, മാണി കോണ്‍ഗ്രസുകള്‍ ഇടതുമുന്നണിയില്‍ ചേക്കേറിയത്. സിപിഐയുടെ 17 എംഎല്‍എമാര്‍ ഇല്ലായിരുന്നുവെങ്കിലും നിഷ്പ്രയാസം അന്ന് ഇ കെ നായനാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമായിരുന്നു. സിപിഐയെ ഒഴിവാക്കി മുന്നണി രൂപീകരിക്കാനും ഭരിക്കാനും സിപിഎമ്മിന് ഒരു തടസവുമുണ്ടായിരുന്നില്ല. പക്ഷേ, ആര്‍ക്കെങ്കിലുമൊപ്പം എങ്ങനെയെങ്കിലും ഭരിക്കുക എന്നതായിരുന്നില്ല അന്നും ഇന്നും സിപിഎമ്മിന്റെ രാഷ്ട്രീയം.
1969ലെ കുറുമുന്നണി അട്ടിമറിയില്‍ ഭരണം നഷ്ടപ്പെട്ട സിപിഎം കേരളത്തില്‍ തളര്‍ന്നുപോയില്ല. സിപിഐയ്ക്ക് കോണ്‍ഗ്രസ് മുന്നണി ഉപേക്ഷിക്കേണ്ട രാഷ്ട്രീയസാഹചര്യമുണ്ടാകും എന്ന് സിപിഎമ്മിന്റെ മധുര പാര്‍ട്ടി കോണ്‍ഗ്രസ് പ്രവചിച്ചപ്പോള്‍, സിപിഎമ്മുകാരോട് മാതൃസംഘടനയിലേയ്ക്ക് മടങ്ങാനും കോണ്‍ഗ്രസ് മുന്നണിയെ ശക്തിപ്പെടുത്താനും ആഹ്വാനിക്കുകയായിരുന്നു സിപിഐ നേതാക്കള്‍. ഈ ആഹ്വാനം കേട്ട് പതിനായിരക്കണക്കിന് സിപിഎമ്മുകാര്‍ സിപിഐയിലേയ്ക്ക് മടങ്ങുന്നുവെന്നായിരുന്നു അക്കാലത്ത് ജനയുഗം ദിനംതോറും വാര്‍ത്ത പടച്ചത്.
സിപിഐയുടെ മര്‍ദ്ദകഭരണം കൊണ്ടുപിടിച്ചു മുന്നേറുമ്പോള്‍ സിപിഎം വളരുകയായിരുന്നോ തളരുകയായിരുന്നോ എന്ന് താഴെ കൊടുത്ത പട്ടിക നോക്കിയാല്‍ ബോധ്യമാകും.
വര്‍ഷം | സിപിഎം | സിപിഐ | വോട്ടുവ്യത്യാസം |
1965 | 12,57,869 | 5,25,456 | 7,32,413 |
1967 | 14,76,456 | 5,38,004 | 9,38,452 |
1970 | 17,94,213 | 6,75,298 | 11,18,915 |
1977 | 19,46,051 | 8,72,309 | 10,73,742 |
1980 | 18,46,312 | 744112 | 11,02,200 |
അധികാരരാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഏത് തുക്കടാ പാര്ട്ടിയ്ക്കുമുണ്ടാകുന്ന നേട്ടത്തിനപ്പുറമുള്ള വളര്‍ച്ചയൊന്നും സിപിഐയ്ക്ക് കോണ്‍ഗ്രസ് സഹവാസം കൊണ്ടുണ്ടായില്ല. ആ സഖ്യത്തിന്റെ ജനദ്രോഹരാഷ്ട്രീയത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ സിപിഎമ്മാകട്ടെ, മറുവശത്ത് കരുത്തുറ്റ ഒരു ബഹുജനപ്രസ്ഥാനമായി വളരുകയും ചെയ്തു. വലതുപക്ഷ ഭരണത്തിനെതിരെ സിപിഎം സംഘടിപ്പിച്ച സമരങ്ങളാണ് ഇടതുമുന്നണിയുടെ ജനകീയാടിത്തറയൊരുക്കിയത്. ഉശിരന്മാരായ സഖാക്കളുടെ ജീവന് വില നല്‍കിയാണ്, മദമടങ്ങുമ്പോള് സിപിഐയ്ക്കു കൂടി വന്നുകയറാനുള്ള രാഷ്ട്രീയമുന്നണിയ്ക്ക് സിപിഎം രൂപം നല്‍കിയത്.
സിപിഎം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിന്റെ മൂല്യവര്‍ദ്ധനയാണ് മേല്‍പ്പട്ടികയില്‍ കാണുന്നതെങ്കില്‍, ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനത്തെ വേട്ടയാടിയതിന് വലതുപക്ഷം എറിഞ്ഞ നക്കാപ്പിച്ചയാണ് സിപിഐക്കോളത്തിലെ അക്കങ്ങള്‍. എത്ര തീറ്റയും വെള്ളവും മോന്തിയാലും യജമാനന്റെ വണ്ണവും തൂക്കവും വേട്ടപ്പട്ടിയ്ക്കുണ്ടാകില്ലല്ലോ.
പികെവിയുടെ ത്യാഗമല്ലേ, ത്യാഗം...!
1978ല്‍ അപ്രതീക്ഷിതമായി കേരള മുഖ്യമന്ത്രിപദം വീണ്ടും സിപിഐയുടെ കൈയിലെത്തി. പി. കെ. വാസുദേവന്‍ നായരായിരുന്നു അന്ന് മുഖ്യമന്ത്രി. ഭട്ടിന്‍ഡയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ ഡാങ്കേയിസം കൈയൊഴിഞ്ഞ് ഇടതുപക്ഷത്തേയ്ക്ക് ചേക്കേറാന്‍ തീരുമാനിച്ചപ്പോള്‍ പികെവി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സൃഷ്ടിയ്ക്കു വേണ്ടി സിപിഐ അനുഷ്ഠിച്ച മഹാത്യാഗമാണ് പികെവിയുടെ രാജിയെന്നാണ് സിപിഐക്കാരുടെ മറ്റൊരു വീമ്പടി.
സിപിഐയുടെ ശൈലീപുസ്തകത്തില്‍ മന്ത്രിയാവുക, മുഖ്യമന്ത്രിയാവുക എന്നതൊക്കെ മഹാകാര്യങ്ങളാണ്. ആ സ്ഥാനലബ്ധികള്‍ക്ക് എന്തു തരവഴിയുമാകാമെന്നും സിദ്ധാന്തിച്ചിട്ടുണ്ട്. തങ്ങള്‍ക്കു മുഖ്യമന്ത്രിപദം കിട്ടാന്‍ 1969ല്‍ കേരളത്തില്‍ ആടിയ ജനാധിപത്യവിരുദ്ധ നാടകങ്ങള്‍ നാം കണ്ടു. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിട്ടും 1967ലും 1969ലും കുറുമുന്നണി സമ്മര്‍ദ്ദം ഉപയോഗിച്ച് ബംഗാളില്‍ സിപിഎമ്മിനെ മുഖ്യമന്ത്രിപദത്തില്‍ നിന്നകറ്റി.
പതിനാറും ഇരുപതും എംഎല്‍എമാരെ ഉപയോഗിച്ച് മുഖ്യകക്ഷിയ്ക്കു മേല്‍ വൃത്തികെട്ട സമ്മര്‍ദ്ദം ചെലുത്തി മുഖ്യമന്ത്രി പദം കൈക്കലാക്കുന്ന ഊളത്തരം സിപിഐയെപ്പോലെ ഫലപ്രദമായി പരീക്ഷിച്ചു വിജയിച്ച മറ്റൊരു പാര്‍ട്ടി ഇന്ത്യയില്‍ വേറെയില്ല. സിപിഐയുടെ ആ കളി അവസാനിപ്പിച്ചത് 1977ല്‍ കരുണാകരനായിരുന്നു. 1969 മുതല്‍ 1977വരെയുള്ള അച്യുതമേനോന്റെ ഭരണകാലമായിരുന്നു കേരളത്തിന്റെ സുവര്‍ണകാലമെന്ന് വിശ്വസിപ്പിക്കാനാണല്ലോ സിപിഐക്കാര്‍ പെടാപ്പാടു പെടുന്നത്. ആ 'സുവര്ണഭരണ'ത്തിന്റെ വില 1977ല്‍ തന്നെ സിപിഐയില്‍ നിന്ന് കരുണാകരന് ഈടാക്കിയിരുന്നു. 1970ല്‍ 29 സീറ്റ് സിപിഐയ്ക്ക് മത്സരിക്കാന്‍ നല്കിയ കോണ്‍ഗ്രസ് 1977ല്‍ രണ്ടു സീറ്റും മുഖ്യമന്ത്രി പദവും സിപിഐയില്‍ നിന്നും തിരിച്ചെടുത്തു. പ്രധാനപ്പെട്ട വകുപ്പുകള്‍ സിപിഐയ്ക്കു നഷ്ടപ്പെട്ടു. മന്ത്രിസഭയിലെ അംഗബലം നാലില്‍ നിന്ന് മൂന്നായി ചുരുങ്ങി. 1970ല്‍ 16 എംഎല്‍എമാരുണ്ടായിരുന്ന സിപിഐയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും വ്യവസായം, വൈദ്യുതി, ഗതാഗതം, ഹരിജനക്ഷേമം തുടങ്ങിയ വകുപ്പുകളുമുണ്ടായിരുന്നു. (1977ല്‍) അംഗബലം 23ലേയ്ക്കുയര്‍ന്നപ്പോള്‍ 1970ല്‍ ദാനം ചെയ്തതെല്ലാം കരുണാകരന് തിരിച്ചു വാങ്ങി. ഒരു പരാതിയുമില്ലാതെ, ഒരു മുറുമുറുപ്പുമുയര്ത്താതെ സിപിഐ അതൊക്കെ സഹിച്ചു.
കേരളത്തിന് ഓര്‍ത്തോര്‍ത്തു 'വിലപിക്കാന്‍' ഒരു സുവര്‍ണകാലം അച്യുതമേനോന് സംഭാവന ചെയ്തിട്ടും, നിയമസഭയില്‍ അംഗബലം കൂടിയിട്ടും തങ്ങളുടെ ആടയാഭരണങ്ങളും പട്ടുചേലയും കരുണാകരന് ഊരിവാങ്ങിയതിനെക്കുറിച്ച് സിപിഐയുടെ സൈബര്‍ പാണന്മാര് അധികമൊന്നും പാടിക്കേട്ടിട്ടില്ല. ആശിച്ചതും മോഹിച്ചതും നേടാന്‍ 1969ല്‍ ഇഎംഎസിന്റെ മുന്നില്‍ മസിലു പിടിച്ച 'അതിപ്രതാപഗുണവാ'ന്മാരൊക്കെ കരുണാകരന്റെ മുന്നില്‍ ചൂളിച്ചുരുണ്ടു മൂലയിലൊതുങ്ങി. സാക്ഷാല്‍ എംഎന്‍, ടിവി, അച്യുതമേനോന് തുടങ്ങിയ കുറുമുന്നണി വിദഗ്ധരൊക്കെ അന്നും ജീവിച്ചിരുന്നെങ്കിലും കെ. കരുണാകരന്റെ മുന്നില്‍ ഒരു ഉപജാപത്തരികിടയ്ക്കുമുള്ള കരളുറപ്പ് അവര്‍ക്കുണ്ടായിരുന്നില്ല. പല്ലും ജടയും കൊഴിഞ്ഞ മാടമ്പിമാരും തമ്പുരാന്മാരുമൊക്കെ ഗതകാലപ്രതാപം നക്കിത്തുടച്ച് സ്വന്തം കൂട്ടില്‍ അടങ്ങിയൊതുങ്ങിക്കിടന്നു.
രാജന് കേസിലെ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കെ. കരുണാകരന് 1977 ഏപ്രിലില്‍ രാജിവെച്ചപ്പോള്‍ മുഖ്യമന്ത്രിക്കിരീടം ഏ കെ ആന്റണിയുടെ തലയിലെത്തി. ചിക്കമംഗലൂരില്‍ ഇന്ദിരാഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ആന്റണി 1978 ഒക്ടോബറില്‍ രാജിവെച്ചു. മന്ത്രിസഭയൊന്നാകെ രാജിവെച്ച് പുതിയ ജനവിധി തേടാന്‍ എല്ലാ രാഷ്ട്രീയകാരണങ്ങളുമുണ്ടായിട്ടും അന്നത്തെ ഭരണമുന്നണി അതിനു മുതിര്‍ന്നില്ല. കരുണാകരനും ആന്റണിയും ഊരിക്കളഞ്ഞ കിരീടം ഒരു മടിയും കൂടാതെ സിപിഐ തലയില്‍ ചുമന്നു. കേവലഭൂരിപക്ഷത്തിന്റെ പകുതിപോലും അംഗബലമില്ലായിരുന്നിട്ടും സിപിഐ വീണ്ടും മുഖ്യമന്ത്രിപദത്തിന് സമ്മതം മൂളി. ഉളുപ്പില്ലാതെ തലയില്‍ കയറ്റിയതും ഏതു നിമിഷവും തെറിക്കുമായിരുന്നതുമായിരുന്നു 1978ല്‍ പികെവിയുടെ മുഖ്യമന്ത്രിപദം. ഇടതുപക്ഷ ഐക്യമെന്ന കരുത്തുറ്റ മുദ്രാവാക്യവുമായി മറുവശത്ത് സിപിഎം ഉണ്ടായിരുന്നതുകൊണ്ടും മഹാപാപികളായ സിപിഐ നേതാക്കന്മാരെ പാപമുക്തിവരുത്തി ആശ്ളേഷിക്കാന്‍ അവര്‍ തയ്യാറായിരുന്നതും കൊണ്ടാണ് ത്യാഗപരിവേഷത്തിന്റെ പട്ടില്‍പൊതിഞ്ഞ് മുഖ്യമന്ത്രിപദം വലിച്ചെറിയാന്‍ സിപിഐയ്ക്കു കഴിഞ്ഞത്.
യഥാര്‍ത്ഥത്തില്‍ പികെവിയുടെ സ്ഥാനത്യാഗത്തെക്കുറിച്ചല്ല, പലരായി ഉപയോഗിച്ച് വലിച്ചെറിഞ്ഞ മുഷിഞ്ഞു നാറിയ ഒരുമേല്വസ്ത്രം എടുത്തണിഞ്ഞ സിപിഐയുടെ ഉളുപ്പില്ലായ്മയെയാണ് കേരളം വിചാരണ ചെയ്യേണ്ടത്. സ്വന്തം രാഷ്ട്രീയത്തിന് മേല്‍ക്കൈയുള്ള സംവിധാനത്തില്‍ മാത്രമേ ഭരണാധികാരം കൈയാളൂ എന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന്റെ ദര്‍ശനശുദ്ധിയും രാഷ്ട്രീയത്തെളിമയുമെവിടെ, മതിലുചാടിയും ഓടിളക്കിയും പൂട്ടു കുത്തിത്തുറന്നും മന്ത്രിമന്ദിരങ്ങളില്‍ കടന്നുകൂടി സുഖാലസ്യത്തില്‍ മയങ്ങിക്കിടക്കാനുള്ള സിപിഐയുടെ അത്യാര്ത്തിയെവിടെ. പികെവിയുടെ ഗതികെട്ട രാജിയെ മഹാത്യാഗമാക്കി വ്യാഖ്യാനിച്ച് ഒരു താരതമ്യത്തിനും പഴുതില്ലാത്ത ഈ യാഥാര്‍ത്ഥ്യത്തെ, മറച്ചുവെയ്ക്കാമെന്നാണ് സിപിഐ ഗീബല്സുമാരുടെ വ്യാമോഹം.
ആരുടെ വകയായിരുന്നു, യഥാര്‍ത്ഥ ത്യാഗം?
ചില്ലറ കാരുണ്യമൊന്നുമല്ല 1980ല്‍ സിപിഎം സിപിഐയ്ക്കു നേരെ ചൊരിഞ്ഞത്. ആന്റണിയും മാണിയും ലീഗിന്റെ ഒരു ഭാഗവും ഒപ്പമുണ്ടായിരുന്നപ്പോള്‍ നിഷ്പ്രയാസം സിപിഐയെ സിപിഎമ്മിന് പുറംകാലിനു തൊഴിക്കാമായിരുന്നു. അതു ചെയ്തില്ല എന്നു മാത്രമല്ല, സിപിഐയ്ക്കാള് പതിന്മടങ്ങു ശക്തി സിപിഎമ്മിനുള്ള എട്ടോളം മണ്ഡലങ്ങള്‍ അവര്‍ക്ക് മത്സരിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്തു.
1965ല്‍ മുഖാമുഖം മത്സരിച്ചപ്പോള്‍ സിപിഎം, സിപിഐ കക്ഷികള്‍ നേടിയ വോട്ടുകള്‍ താഴെ പട്ടികയില്‍ കാണുക. ഈ മണ്ഡലങ്ങള്‍ ഒരു വിലപേശലുമില്ലാതെ 1980ല്‍ സിപിഎം സിപിഐയ്ക്കു മത്സരിക്കാന്‍ വിട്ടുകൊടുത്തു.
മണ്ഡലം | സിപിഎം | സിപിഐ |
മഞ്ചേശ്വരം | 15,139 | |
നാദാപുരം | 26,224 | 2,039 |
തിരൂരങ്ങാടി | 10,104 | |
പട്ടാമ്പി | 19,992 | 12,213 |
മണ്ണാര്‍ക്കാട് | 16,099 | 3,949 |
പീരുമേട് | 12,345 | 5,615 |
ചേര്‍ത്തല | 11,952 | 7,789 |
കിളിമാനൂര്‍ | 17,911 | |
ആകെ | 1,29,766 | 31,605 |
ഇവയില്‍ മഞ്ചേശ്വരത്തും തിരൂരങ്ങാടിയിലുമൊഴിച്ച മറ്റെല്ലാ മണ്ഡലങ്ങളിലും 1965ല്‍ സിപിഎം വിജയിച്ചു. ആന്റണി, മാണി, അഖിലേന്ത്യാ ലീഗ് എന്നീ കക്ഷികളുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ ബലത്തില്‍ ഈ എട്ടുമണ്ഡലങ്ങളില്‍ മാത്രമല്ല, 1980ല്‍ സിപിഐയ്ക്കു നല്കിയ 22 സീറ്റിലും സിപിഎമ്മിനു തന്നെ മത്സരിക്കാമായിരുന്നു.
1977ലെ തിരഞ്ഞെടുപ്പില്‍ 68 സീറ്റില്‍ മത്സരിച്ച സിപിഎം, സിപിഐയ്ക്കു വേണ്ടി 1980ല്‍ 50 സീറ്റിലേയ്ക്കൊതുങ്ങിയിരുന്നു. സിപിഎമ്മിന്റെ ഉറച്ച സീറ്റുകളുള്‍പ്പെടെ ദാനം നല്‍കിയാണ് അന്ന് സിപിഐയ്ക്ക് ഇടതുമുന്നണിയില്‍ മാന്യമായ സ്ഥാനം നല്‍കിയത്. അന്ന് പുറംകാലുകൊണ്ട് സിപിഐയെ തൊഴിച്ചെറിഞ്ഞിരുന്നുവെങ്കില്, ഇന്ന് സിഎംപിയുടെയോ ജെഎസ്എസിന്റെയോ ഗതിയില്‍ ചരിത്രം സിപിഐയെ നമുക്കു കാണിച്ചു തരുമായിരുന്നു.
യാഥാര്‍ത്ഥ്യം അതായിരിക്കെയാണ്, 1969-1979 കാലത്ത് സിപിഎമ്മിനെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായി സിപിഐക്കാര്‍ കൊണ്ടാടുന്നത്. വലതുപക്ഷവും തങ്ങളും തമ്മില്‍ യഥാര്‍ത്ഥത്തില്‍ ഒരു വ്യത്യാസവുമില്ലെന്ന് തെളിയിക്കുകയാണ് ആ പ്രചരണം വഴി സിപിഐ ചെയ്യുന്നത്. 57ലെ ഇഎംഎസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അച്യുതമേനോനെക്കാള്‍, സിപിഎം മന്ത്രിസഭയെ മറിച്ചിട്ട് കരുണാകരന്റെ ചുമലിലേറി മുഖ്യമന്ത്രിയുദ്യോഗം വഹിച്ച അച്യുതമേനോന് എങ്ങനെ മാര്‍ക്കറ്റ് വാല്യൂ കൂടി എന്നാലോചിക്കാന്‍ ശേഷിയില്ലാത്തവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. വിശ്വസിച്ചിരുന്നപ്പോള്‍ അവന് / ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ മാത്രമായിരുന്നു / ഒറ്റുകാരനായപ്പോള്‍ / ലോകം മുഴുവന്‍ അവനെക്കണ്ടു (ഒറ്റ്) എന്ന് രാവുണ്ണിയെഴുതിയത് അച്യുതമേനോനെ ഉദ്ദേശിച്ചാവാനേ തരമുള്ളൂ.
അറുവേശ്യയുടെ ചാരിത്ര്യപ്രസംഗം
അധികാരം കിട്ടാന്‍ ആര്‍ക്കൊപ്പവും വ്യഭിചരിക്കുന്ന അറുരാഷട്രീയ വേശ്യയായിരുന്നു 1967-1979 കാലത്ത് സിപിഐ. കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണല്ലോ 1964ല്‍ സിപിഐക്കാര്‍ പാര്‍ട്ടി പിളര്‍ത്തിയത്. അതിനു തൊട്ടുപിന്നാലെയാണ് ഉത്തരേന്ത്യയില്‍ ഡോ. രാംമനോഹര്‍ ലോഹ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ച് സംയുക്ത വിധായക ദള്‍ (എസ്വിഡി) ഉണ്ടാക്കിയത്.
യുപി, ബീഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങി ഒമ്പതു സംസ്ഥാനങ്ങളില്‍ ഈ സഖ്യം കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി മന്ത്രിസഭ രൂപീകരിച്ചു. ഭാരതീയ ജനസംഘമായിരുന്നു ഈ സഖ്യത്തിലെ ഒരു പ്രധാനകക്ഷി. യുപി, ബീഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സിപിഐ ജനസംഘത്തിനൊപ്പം അധികാരം പങ്കിട്ടു. എവിടെയൊക്കെ എംഎല്‍എമാരുണ്ടോ, അവരൊക്കെ മന്ത്രിയാകട്ടെ എന്നായിരുന്നു അന്ന് സിപിഐ നിലപാട്. ജനസംഘം ഉള്‍പ്പെടുന്ന മന്ത്രിസഭകളില്‍ നിന്ന് സിപിഐ അംഗങ്ങളെ പിന്‍വലിക്കണമെന്ന് 1968ലെ പാറ്റ്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവശ്യപ്പെട്ട തെറ്റിന് പി സി ജോഷിയെ നാഷണല്‍ എക്സിക്യൂട്ടീവില്‍ നിന്ന് നീക്കം ചെയ്തുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ ഗാര്‍ഗി ചക്രവര്‍ത്തി വെളിപ്പെടുത്തുന്നു. (P.C. Joshi: A Biography by Gargi Chakravartty; National Book Trust, New Delhi; 2007).
അധികാരലബ്ധിയ്ക്കുവേണ്ടി ഇന്ത്യയിലൊരു പ്രസ്ഥാനത്തിന്റെ നേതാക്കളും സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ ഇതുപോലെ വ്യഭിചരിച്ചിട്ടില്ല. സിപിഎം, കോണ്‍ഗ്രസ്, ജനസംഘം എന്നിവയുമായൊക്കെ തരാതരം പോലെ കൂട്ടുകെട്ടുണ്ടാക്കി അവര്‍ അധികാരമോഹം സാക്ഷാത്കരിച്ചു. 1969ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം നടത്തുമ്പോള്‍, ബംഗാളില്‍ സിപിഎം മുന്നണിയിലിരുന്നു ഭരിക്കുകയായിരുന്നു സിപിഐ. 1972ലാണ് ബംഗാള്‍ കുറുമുന്നണി കോണ്‍ഗ്രസ് പാളയത്തില്‍ ചേക്കേറിയത്. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ദുഷ്ചെയ്തികളാണ് അധികാരമദം പൊട്ടിയ സിപിഐ നേതാക്കള്‍ അക്കാലത്ത് കാട്ടിക്കൂട്ടിയത്. അതിന്റെ പാപഭാരം ചുമന്നാണ് 1980ല്‍ അവര്‍ ഇടതുമുന്നണിയുടെ ഭാഗമാകാന്‍ എത്തിയത്.
പഴുത്തു ചീര്‍ത്ത പറങ്കിപ്പുണ്ണു പൊട്ടിയൊലിച്ച വ്രണങ്ങളില്‍ നുരച്ചു പുളഞ്ഞ പുഴുക്കളെ കൊത്തിത്തിന്നാന്‍ കാറിപ്പറന്ന കാക്കക്കൂട്ടത്തിന്റെ അകമ്പടിയോടെയായിരുന്നു അന്നത്തെ മടങ്ങിവരവ്. ആട്ടിപ്പായിക്കാന്‍ എല്ലാ സാഹചര്യങ്ങളും ഒത്തുകിട്ടിയിട്ടും സിപിഎം അതുചെയ്തില്ല. പകരം, അപാരമായ തൊഴിലാളിവര്‍ഗ സാഹോദര്യത്തിന്റെ കാരുണ്യം ചൊരിഞ്ഞ് എകെജി സെന്ററിനുള്ളിലേയ്ക്ക് സിപിഐക്കാരെ ആനയിച്ചു. കീടനാശിനി കലക്കിയ ഡെറ്റോളുകൊണ്ട് പഴുപ്പും ചലവും കഴുകിക്കളഞ്ഞു. തലച്ചോറിലേയ്ക്കു വീശിയടിച്ച ചീഞ്ഞ ഗന്ധം സഹിച്ചു മുറിവുകളില്‍ മരുന്നുകെട്ടി. കുടിക്കാന്‍ വെള്ളവും കഴിക്കാനാഹാരവും കിടക്കാനിടവും മത്സരിക്കാന്‍ സീറ്റും നല്കി. വ്യഭിചാരപ്പാച്ചിലിലെവിടെയോ കൈമോശം വന്ന ഇടതുപക്ഷാദര്‍ശവും കമ്മ്യൂണിസ്റ്റ് ചൈതന്യവും വീണ്ടെടുക്കുന്നതുവരെ കണ്ണിലെണ്ണയൊഴിച്ചു കൂട്ടിരുന്നു ചികിത്സിച്ചു.
ആ സിപിഎമ്മിനെ വലതുപക്ഷത്തിനു വേണ്ടി വീണ്ടും സിപിഐ വേട്ടയാടുന്നു. ഡാങ്കേയിസ്റ്റുകളുടെ പിടി വീണ്ടും സിപിഐയില്‍ മുറുകിയതോടെ കോണ്‍ഗ്രസ് കൂടാരത്തിലേയ്ക്കുള്ള മടക്കയാത്രയ്ക്കുള്ള ടിക്കറ്റു ബുക്കിംഗ് തുടങ്ങി. വീണ്ടുമൊരു രാഷ്ട്രീയമലക്കം മറിച്ചിലിന് സിപിഐ വിധേയമാവുകയാണ്. അതിനുവേണ്ടി പഴയതന്ത്രങ്ങളുടെ തനിപ്പകര്പ്പു തന്നെയാണ് പുതിയ തലമുറയും പയറ്റുന്നത്.
ചുവടു പിഴയ്ക്കാതെ അടവുകളുടെ ആവര്‍ത്തനം
മര്യാദയ്ക്ക് ഇടതുമുന്നണി ഉപേക്ഷിച്ച് കോണ്‍ഗ്രസിനൊപ്പം പോകാനുള്ള ധൈര്യം ഇന്നും സിപിഐയ്ക്കില്ല. കോണ്‍ഗ്രസ് സഖ്യത്തിന് പണ്ടും അവര്‍ തേടിയത് മാന്യമായ വഴികളായിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ കൈയും വീശി സിപിഐക്കാര്‍ക്ക് കോണ്‍ഗ്രസ് പാളയത്തില്‍ ചെന്നുകയറാനാവില്ല. അണികളില്‍ മഹാഭൂരിപക്ഷവും അനുഗമിക്കണമെങ്കില്‍, കോണ്‍ഗ്രസുമായി മാന്യമായ സഖ്യമല്ല ഉണ്ടാകേണ്ടത്. ഇടതുമുന്നണിയുമായി സിപിഐ അണികള്‍ക്കുള്ള ബന്ധം തിരിച്ചൊട്ടിപ്പിടിക്കാത്ത വിധം അടര്ത്തിയേ ആ സഖ്യം രൂപപ്പെടുത്താനാവൂ. അതിനുള്ള അടവുകളാണ് 1969ലെ ചുവടുകള്‍ പകര്‍ത്തി സിപിഐ നേതാക്കള്‍ പയറ്റി നോക്കുന്നത്.
1969ലെ ചരിത്രം റീവൈന്‍ഡു ചെയ്തു നോക്കുക. അഭിപ്രായവ്യത്യാസം മാന്യമായി തുറന്നു പറഞ്ഞ് മുന്നണി വിട്ട് കോണ്‍ഗ്രസിനൊപ്പം പോവുകയായിരുന്നില്ല അന്ന് സിപിഐ ചെയ്തത്. അതിനുള്ള എല്ലാ അവസരങ്ങളും സാഹചര്യവുമുണ്ടായിട്ടും മാന്യമായ വഴി സിപിഐ തേടിയില്ല. അതിനു കാരണമുണ്ട്.
തങ്ങള്‍ വട്ടപ്പൂജ്യമാണെന്നും അണികളും രാഷ്ട്രീയവും സിപിഎമ്മിനൊപ്പമാണെന്നും 1965ലെ തിരഞ്ഞെടുപ്പില്‍ ബോധ്യമായതോടെയാണ് സിപിഎമ്മിനെ സമ്പൂര്‍ണമായി നശിപ്പിക്കാനുള്ള വഴികള്‍ സിപിഐ നേതൃത്വം അന്വേഷിച്ചു തുടങ്ങിയത്. നേരിട്ട് ഏറ്റുമുട്ടി സിപിഎമ്മിനെ നശിപ്പിക്കാന്‍ കഴിയില്ല എന്ന് തെരഞ്ഞെടുപ്പോടെ സിപിഐ നേതാക്കള്‍ക്കു ബോധ്യമായി. ചൈനാ ചാരന്മാര് എന്നാരോപിച്ച് ആശയപരമായും കായികമായും സിപിഎമ്മിനെതിരെ ഭീകരമായ വേട്ട നടത്തിയിട്ടും, തൊട്ടുപുറകെ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും മഹാഭൂരിപക്ഷം സിപിഐ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച പണം നഷ്ടപ്പെടുകയും ചെയ്തു. യുദ്ധകാലത്ത് രാജ്യസ്നേഹമില്ലാത്തവര്‍ എന്നാക്ഷേപിച്ചിട്ടും സിപിഎം മുട്ടുമടക്കാതെ പിടിച്ചു നിന്നതും ആ നിലപാട് പാര്‍ട്ടിയുടെ അണികള്‍ അംഗീകരിക്കുകയും ചെയ്തത് സിപിഐ നേതാക്കള്‍ക്കു മുഖമടച്ചു കിട്ടിയ പ്രഹരമായിരുന്നു.
നേരിട്ടെതിര്‍ത്ത് സിപിഎമ്മിനെ നശിപ്പിക്കുക അസാധ്യമാണെന്ന് ഇതില്‍ നിന്നും തെളിഞ്ഞു. ഒപ്പം നിന്ന് നാണം കെടുത്തുക എന്നതായി അടുത്ത തന്ത്രം. അപവാദ പ്രചാരണങ്ങളിലൂടെ അണികളുടെയും പൊതുസമൂഹത്തിന്റെയും മുന്നില്‍ സിപിഎം നേതാക്കളുടെ ആത്മവീര്യം കെടുത്താനുള്ള തന്ത്രങ്ങള്‍ക്കു വേണ്ടി സിപിഐയുടെ കുടിലത്തലകള് പുകഞ്ഞു. വിമോചനസമരകാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ വിഷലിപ്തമായ പ്രചരണം നടത്തിയ മാധ്യമങ്ങള്‍, കേരളത്തിലെ ഏറ്റവും ശക്തമായ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ നശിപ്പിക്കാനുള്ള അപവാദപ്രചാരണത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു. തങ്ങളുടെ അണികളില്‍ കത്തിച്ചു നിര്‍ത്തേണ്ടത്, കോണ്‍ഗ്രസിനോടോ ആര്എസിഎസിനോടോ അല്ലെന്നും അവരുടെ എക്കാലത്തെയും വലിയ ശത്രു സിപിഎം ആയിരിക്കണമെന്നും സിപിഐ നേതാക്കള്‍ തീരുമാനിച്ചുറപ്പിച്ചു. ഈ കുതന്ത്രങ്ങളുടെ പ്രയോഗത്തിനാണ് അവരന്ന് സിപിഎം മുന്നണിയില്‍ ചേരാന്‍ സമ്മതം മൂളിയത്.
പിന്നെ നടന്നത് ചരിത്രം. ഇന്ദിരാപ്രേമവും കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന ലക്ഷ്യവും ആദ്യമേ പ്രഖ്യാപിച്ചു. തുടര്‍ന്ന് സ്വന്തം മന്ത്രിസഭയിലെ സഖാക്കള്‍ക്കെതിരെ ഹീനമായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചു. അതിന്റെ പേരില്‍ അലമ്പുകളാരംഭിച്ചു. അതിന്റെ പര്യവസാനമെന്തായിരുന്നുവെന്ന് കഴിഞ്ഞ ലേഖനത്തില്‍ കണ്ടു.
1969ല്‍ പയറ്റി വിജയിച്ച അടവിന്റെ ഫോര്‍മുല ഇതായിരുന്നു :
- ഒന്നിച്ചു മുന്നണി -
- തിരഞ്ഞെടുപ്പു വിജയം -
- മന്ത്രിസഭ -
- കോണ്‍ഗ്രസുമായുള്ള പ്രണയ പ്രഖ്യാപനം -
- ശ്രീകണ്ഠന് നായരുടെ ചാര്‍ജ് ഷീറ്റിലൂടെ തുടങ്ങിയ അപവാദപ്രചാരണം -
- സിപിഎമ്മുമായി സംഘര്‍ഷത്തിന്റെ ആരംഭം -
- സിപിഎം വഴങ്ങുന്നില്ല -
- പ്രകോപിപ്പിക്കാന്‍ അടുത്ത തന്ത്രം -
- അതിലും വീഴുന്നില്ല -
- പ്രകോപനം തുടരുന്നു -
- ഗത്യന്തരമില്ലാതെ സിപിഎം കടുത്ത നടപടിയെടുക്കുന്നു -
- അതിന്റെ പേരില്‍ രക്തസാക്ഷി പരിവേഷം -
- അതോടെ അണികളില്‍ സിപിഎം വിരുദ്ധ ജ്വരം -
- മുന്നണി പിളര്‍ക്കല്‍ -
- കോണ്‍ഗ്രസുമായി സഖ്യം.
കോണ്‍ഗ്രസുമായി പ്രണയം പ്രഖ്യാപിച്ച് നേരെ വിവാഹത്തില്‍ കലാശിക്കുകയല്ല അന്നുണ്ടായത്. അഴിമതിയാരോപണവും സര്‍വവിധ അലമ്പുമായി രണ്ടുവര്‍ഷത്തോളം അധ്വാനിച്ചാണ് അവര്‍ കോണ്‍ഗ്രസ് സഖ്യത്തിനുവേണ്ട അരങ്ങൊരുക്കിയത്. ആയുധമായി പ്രയോഗിച്ച വെല്ലിംഗ്ടണ്‍ അഴിമതിയാരോപണത്തില്‍ ഒരു കഴമ്പുമുണ്ടായിരുന്നില്ലെന്ന് അച്യുതമേനോന്റെ കത്തുകള്‍ തന്നെയാണ് തെളിവ്.
ഈ മോഡസ് ഓപ്പറാണ്ടി ചന്ദ്രപ്പന്റെ സമകാലീന അഭ്യാസങ്ങളിലേയ്ക്കു പറിച്ചു നട്ടാല്‍ നാം ഇതുവരെ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമാകും.
കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ സാധ്യതകള്‍ വീണ്ടും ചര്‍ച്ചയ്ക്കു വെച്ചുകൊണ്ടാണ് ചന്ദ്രപ്പന് സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാകുന്നത്. തുടര്‍ന്ന് സിപിഎമ്മുമായി ആസൂത്രിതമായ സംഘര്‍ഷം. പണ്ട്, വെല്ലിംഗ്ടണ്‍ എന്ന സിപിഎമ്മിന്റെ സുഹൃത്തിനെതിരെ സിപിഐയ്ക്ക് ആരോപണം കെട്ടിച്ചമച്ച് ഉന്നയിക്കേണ്ടി വന്നുവെങ്കില്‍ ഇന്ന് ആ ബുദ്ധിമുട്ടില്ല. സൌകര്യത്തിനൊരു ലാവലിന്‍ കേസുണ്ട്. അതും സിപിഎമ്മിന്റെ സെക്രട്ടറിയ്ക്കെതിരെ.
വെല്ലിംഗ്ടണിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പില്ലെന്നു അച്യുതമേനോന് സമ്മതിച്ചതു പോലെ ലാവലിന്‍ കേസിലും കഴമ്പൊന്നുമില്ലെന്ന് സിപിഐക്കാര്‍ രഹസ്യമായോ വരികള്‍ക്കിടയിലോ സമ്മതിക്കും. ഇതാ ടിറ്റോ ജോയിയുടെ വാക്കുകള്‍:
ഈ ഘട്ടത്തില്‍ മറ്റൊന്നു പറയട്ടെ. കോണ്‍ഗ്രസാണ് ലാവ്ലിന് കേസ് കെട്ടിച്ചമച്ചതെന്നു മാരീചന് പറയുന്നു. നൂറുശതമാനം ശരിയാകാം. പൊളിറ്റിക്കല്‍ മൈലേജിനായി അത്തരം ചെറ്റത്തരങ്ങള്‍ എതിരാളികള്‍ക്കു നേരെ മാത്രമല്ല, സഖ്യകക്ഷികള്‍ക്കെതിരേയും സാധ്യമാകുമെന്ന് ആദ്യമായി തെളിയച്ചത് 1969ല്‍ സിപിഎമ്മാണ്.
ലാവലിന്‍ കേസ് സംബന്ധിച്ച് മാരീചന് പറയുന്നത് നൂറു ശതമാനം ശരിയാകാം എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം, ചന്ദ്രപ്പന് പറയുന്നത് ഒരു ശതമാനം പോലും ശരിയാകാന്‍ സാധ്യതയില്ല എന്നാണ്. അങ്ങനെ സിപിഐക്കാര്‍ക്കു പോലും വിശ്വാസമില്ലാത്ത ഒരു നിലപാട് അതിന്റെ സംസ്ഥാന സെക്രട്ടറി നിരന്തരമായി ആവര്‍ത്തിക്കുന്നത് എന്തിന് എന്ന ചോദ്യത്തിനാണല്ലോ നാം ഉത്തരം തേടുന്നത്.
സിപിഎമ്മുമായി ഒരു സംഘര്‍ഷം ബോധപൂര്‍വം ഉണ്ടാക്കുകയാണ് ചന്ദ്രപ്പന്. ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിസ്ഥാനത്തു നിര്‍ത്തി അഭിപ്രായങ്ങള്‍ തട്ടിവിട്ടാല്‍ സിപിഎം പ്രകോപിതരാകും എന്ന് ചന്ദ്രപ്പനും സംഘത്തിനും ഉറപ്പാണ്. അങ്കത്തട്ടൊരുക്കലിന്റെ ഒന്നാംഘട്ടമാണ് ചന്ദ്രപ്പന് അതുവഴി പൂര്‍ത്തിയാക്കിയത്.
ലാവലിന്‍ ആരോപണത്തെ പ്രതിരോധിച്ച രീതിയ്ക്ക് സിപിഎമ്മിന്റെ ചരിത്രത്തില്‍ ഒരു താരതമ്യമേയുള്ളൂ. രാജ്യം മുഴുവന്‍ 'ചൈനാ ചാരന്മാര്' എന്നാക്ഷേപിച്ചിട്ടും നിലപാടില്‍ നിന്ന് അണുവിട മാറാന്‍ തയ്യാറാകാത്ത പാര്‍ട്ടിയാണത്. ശരിയെന്ന് പൂര്‍ണമായും ബോധ്യമുള്ള ഒരു നിലപാടില്‍, പൊതുബോധ്യം എത്ര ശക്തവും സംഘടിതവുമായി എതിര്‍ത്താലും അതില്‍ ഉറച്ചുനില്‍ക്കുമെന്ന് പിറവിയില്ത്തന്നെ തെളിയിച്ച പാര്‍ട്ടിയാണ് സിപിഎം. ലാവലിന്‍ വിഷയത്തില്‍, പാര്‍ട്ടിയ്ക്കകത്ത് അതിശക്തമായ വ്യത്യസ്ത അഭിപ്രായമുണ്ടായിട്ടും, കേരളത്തിലെ മഹാമാധ്യമങ്ങള്‍ ഒന്നടങ്കം എതിര്‍ത്തിട്ടും കീഴടങ്ങാത്ത സിപിഎം, ചന്ദ്രപ്പന്റെ അഭിപ്രായത്തിന് പുല്ലുവിലയും കൊടുക്കുകയില്ല എന്നറിയാത്ത ആരും എംഎന്‍ സ്മാരകത്തിലുണ്ടാവില്ല. എന്നിട്ടും ചന്ദ്രപ്പന് ആ വിഷയം ഉന്നയിച്ച് തുടര്‍ച്ചയായി സിപിഎമ്മിനെ പ്രകോപിപ്പിച്ചു. സിപിഎമ്മില്‍ നിന്ന് അതേഭാഷയില്‍ മറുപടി ലഭിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ.
തുടര്‍ന്ന് ഭൂസമരം പോലെ സിപിഎമ്മിന്റെ സംഘടനാചരിത്രത്തിലെ ഉജ്വലമായ ഒരധ്യായത്തിനു നേരെ ചന്ദ്രപ്പന് കാര്‍ക്കിച്ചു തുപ്പി. പാര്‍ട്ടി സംസ്ഥാന സമ്മേളനം ഇവന്റ് മാനേജ്മെന്റാണെന്ന ആരോപണം പരസ്യമായി ഉന്നയിച്ചു. വിവാദത്തിന്റെ സാധ്യതകള്‍ സ്വയം റദ്ദാക്കിയിട്ടും അന്ത്യത്താഴ വിവാദത്തില്‍ കൃത്യമായ വലതുപക്ഷ നിലപാടു സ്വീകരിച്ച് ചന്ദ്രപ്പന് സിപിഎമ്മിനെ ആക്രമിച്ചു.
അങ്ങനെ 1967-69 കാലത്ത് പ്രകോപനം സൃഷ്ടിച്ച് അലമ്പും അലമ്പിന്മേല് അലമ്പുമായി മുന്നണി വിടാന്‍ എംഎന്നും ടി വി തോമസുമൊക്കെ ആടിയ അടവുകള്‍ വള്ളിപുള്ളിവിസര്ഗ വ്യത്യാസമില്ലാതെ ചന്ദ്രപ്പന്, ദിവാകരന്, ബിനോയ് വിശ്വംതുടങ്ങിയവരുടെ നേതൃത്വത്തില്‍ ആവര്‍ത്തിച്ചു. സിപിഎം കടുത്തഭാഷയില്‍ പ്രതികരിക്കും എന്നുറപ്പുള്ള വിഷയങ്ങള്‍ തപ്പിയെടുത്ത് പാര്‍ട്ടിയില്‍ നിന്ന് രൂക്ഷമായ പ്രതികരണം ചന്ദ്രപ്പനും സംഘവും ക്ഷണിച്ചു വരുത്തി. സിപിഎമ്മിന്റെ പ്രതികരണങ്ങള്‍ തങ്ങളുടെ അണികളില്‍ സിപിഎം വിരുദ്ധജ്വരം കത്തിയാളിക്കുമെന്ന് അവര്‍ക്കുറപ്പായിരുന്നു. അതുതന്നെ നടക്കുകയും ചെയ്തു.
കോണ്‍ഗ്രസുമായി സിപിഐയ്ക്ക് സഖ്യം വേണമെന്നുണ്ടെങ്കില്‍ ആ പരീക്ഷണത്തില്‍ നിന്ന് അവരെ തടയാന്‍ സ്വന്തം അണികളല്ലാതെ മറ്റാരുമില്ല. കലാകൌമുദി അഭിമുഖത്തില്‍ തുറന്നു പറഞ്ഞതാണ് ചന്ദ്രപ്പന്റെയും കൂട്ടരുടെയും യഥാര്‍ത്ഥ രാഷ്ട്രീയമെങ്കില്‍ കോണ്‍ഗ്രസുമായി അവര്‍ക്ക് സഖ്യമുണ്ടാക്കാവുന്നതേയുള്ളൂ. ഒരു പാര്‍ട്ടിയെന്ന നിലയില്‍ 'ജിയോ സോഷ്യോ പൊളിറ്റിക്കല്‍ കണകുണകള്' ജനത്തിനു മുന്നില്‍ പരസ്യമായി പറഞ്ഞ് അവര്‍ക്ക് ദേശീയ ബൂര്ഷ്വാസിയ്ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയില്‍ സോഷ്യലിസമോ കമ്മ്യൂണിസമോ ആ പേരില്‍ ചന്ദ്രപ്പ-ദിവാകര-ബിനോയ് വിശ്വ-ടിറ്റോ ജോയിയിസമോ നടപ്പില്‍ വരുത്താന്‍ നിലവില്‍ പ്രതിബന്ധങ്ങളൊന്നുമില്ല.
ഈ തന്ത്രത്തിന്റെ പ്രയോഗത്തില്‍ സിപിഐക്കാര്‍ സ്വന്തം അണികളെ വല്ലാതെ പേടിക്കുന്നുണ്ട്. ആസൂത്രിതമായി സൃഷ്ടിക്കുന്ന ഒരു സിപിഎം വിരുദ്ധജ്വരമൂര്ച്ഛയിലല്ലാതെ സിപിഐയുടെ അണികള്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് മാനസികമായി പരുവപ്പെടുകയില്ല. ഒരു മാധ്യമവിസ്ഫോടനത്തിലൂടെ സിപിഎം വിരുദ്ധജ്വരം സൃഷ്ടിച്ചെടുത്ത് അതൊരു ഹിസ്റ്റീരിയയാക്കി വളര്‍ത്തിയാല്‍ മാത്രമേ, നേതാക്കളുടെ അധികാരമോഹത്തിന് കുടപിടിക്കാനുള്ള മാനസികാവസ്ഥയിലേയ്ക്ക് അവരെത്തുകയുള്ളൂ. സിപിഎമ്മുകാരോടുള്ള വൈരാഗ്യവിദ്വേഷങ്ങളില് സിപിഐ അണികള്‍ തുള്ളിയുറയുന്നതോടെ ഒരു മനസ്താപവുമില്ലാതെ അവര്‍ക്കും കോണ്‍ഗ്രസ് കൂടാരത്തിലേയ്ക്കുള്ള പ്രവേശനം സാധ്യമാകും. സ്വന്തമായി അണികളുണ്ടെങ്കിലല്ലേ കോണ്‍ഗ്രസ് പാളയത്തില്‍ ചന്ദ്രപ്പസംഘത്തിനു വിലപേശല്‍ ശേഷിയുണ്ടാകൂ.
സിപിഐ അണികളില്‍ തങ്ങള്‍ക്കെതിരെയുള്ള വിരോധം ജ്വലിപ്പിക്കുന്ന ഇടപെടലുകള്‍ ഒരിക്കലും സിപിഎം തുടങ്ങിവെയ്ക്കുകയില്ല എന്ന് ചന്ദ്രപ്പനും സംഘത്തിനും നന്നായി അറിയാം. പ്രകോപനം തുടങ്ങിവെയ്ക്കാനുള്ള ചുമതല അതിനാല്‍ അവര്‍ ഏറ്റെടുത്തേ മതിയാകൂ. ആരെ പ്രകോപിപ്പിക്കാനും നുണപ്രചരണമാണ് ഏറ്റവും നല്ല ആയുധം. അങ്ങനെയൊരു നുണയായിരുന്നു വെല്ലിംഗ്ടണിനെതിരെയുള്ള അഴിമതിയാരോപണം. ലാവലിന്‍ അഴിമതിയാരോപണവും വലിയൊരു നുണയാണെന്ന് സിപിഎം സംഘടനാപരമായ നിലപാടു സ്വീകരിക്കുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ പിടിച്ച് രാഷ്ട്രീയാക്രമണം അഴിച്ചുവിട്ടാല്‍ സിപിഎമ്മില്‍ നിന്നും സ്വാഭാവികമായും തിരിച്ചടിയുണ്ടാകുമെന്നുറപ്പാണ്. ചന്ദ്രപ്പന് അതില്‍ പിടിച്ചു. രൂക്ഷമായ പ്രതികരണവും ഉണ്ടായി.
സിപിഎമ്മില്‍ നിന്നും സംഘടിപ്പിച്ച രൂക്ഷമായ പ്രതികരണത്തോടെ സിപിഐയുടെ ആക്രോശത്തിന്റെ ടോണ്‍ നിലവിളിയായി മാറി. പ്രശ്നങ്ങള്‍ കുത്തിപ്പൊക്കിയവര് എന്ന യാഥാര്‍ത്ഥ്യത്തിനു മീതെ പൊടുന്നനെ കര്ട്ടണ് വീണു. ആ സ്ഥാനത്ത് സിപിഎം ആക്രമണത്തിന്റെ ഇരകള്‍ തങ്ങളാണ് എന്ന നിലവിളി മുഴങ്ങി. പണ്ടും ഇതായിരുന്നു തന്ത്രം. സിപിഎമ്മിന്റെ വായില്‍ കോലിട്ട് പരമാവധി പ്രകോപനം സൃഷ്ടിച്ചു, എന്നിട്ട് എംഎന്‍, ടി വി തോമസ് എന്നീ മഹാമേരുക്കള്‍ക്കെതിരെ അഴിമതിയന്വേഷണം ചോദിച്ചു വാങ്ങി. അതിന്റെ പേരില്‍ സിപിഐ അണികളില്‍ സിപിഎം പക സൃഷ്ടിച്ചു. സിപിഎമ്മിനാല്‍ പീഡിപ്പിക്കപ്പെടുന്നവര്‍ നമ്മള്, അവരെയൊരു പാഠം പഠിപ്പിക്കാന്‍ കോണ്‍ഗ്രസ് പാളയത്തിലേയ്ക്ക് ഉടന്‍ ചേക്കേറൂ എന്ന് ആഹ്വാനം ചെയ്താല്‍ അനുസരിക്കാനുള്ള മാനസികാവസ്ഥ സിപിഐ അണികളില്‍ രൂപപ്പെടുത്തുന്ന ഈ തന്ത്രത്തിന്റെ ക്ളാസിക്കല്‍ കാഴ്ചയാണ് കൊല്ലത്ത് സിപിഐ സംസ്ഥാന സമ്മേളന വേദിയില്‍ സി. ദിവാകരന് നടത്തിയ പ്രസംഗം.
എല്ലാം പൂര്‍ത്തിയായില്ലേ... ലാവലിന്‍, മിച്ചഭൂമി സമരം തുടങ്ങിയവയില്‍ പിടിച്ച് സിപിഎമ്മിനെ അപമാനിച്ചതും പ്രകോപിച്ചതുമൊക്കെ ഇരുട്ടില്‍ അലിഞ്ഞേപോയി. നിന്ന നില്പ്പില് യഥാര്‍ത്ഥ വേട്ടക്കാരന് ഭയചകിതനായ ഇരയായി രൂപം മാറി. ഇര അഭിനയിക്കുന്ന ദൈന്യതയുടെ ദര്‍ശനസുഖം സൃഷ്ടിക്കുന്ന ഉന്മാദത്താല് ഇളകിമറിയുന്ന അണികളുടെ ദൃശ്യം രസകരമായ ഒരു ടെലിവിഷന്‍ കാഴ്ചയായി കേരളത്തിനു മുന്നിലുണ്ട്. സിപിഎമ്മിനോടുള്ള കൊടുംപകയില്‍ തുള്ളിയുറയുന്ന സൈബര്‍ കോമരങ്ങളും അപാരഫോമിലാണ്. സിപിഐയുടെ ജനിതകഘടനയറിയുന്നവരില് ഇതൊന്നും ഒരത്ഭുതവുമുണ്ടാക്കുന്നില്ല. ഒറ്റക്കാര്യമേ അവര്‍ക്കറിയേണ്ടൂ: ചന്ദ്രപ്പനും സംഘത്തിനും വേണ്ടിയുള്ള പ്രവേശനോത്സവത്തിന് കോണ്‍ഗ്രസ് കൂടാരത്തില്‍ എന്നാണ് ബാന്‍ഡും മേളവുമൊരുങ്ങുന്നത്?
(അവസാനിച്ചു)
No comments:
Post a Comment